ചില്ലി ചാള /മത്തി കറി-Mathi Curry

ആവശ്യമായ സാധനങ്ങള്‍:
1. പിടക്കണ ചാള - ചിതമ്പലും തലയും കുടലും നീന്താനുപയോഗിക്കുന്ന എക്ട്രാഫിറ്റിങ്ങ്സും കളഞ്ഞത് പത്തെണ്ണം.
2. ഇഞ്ചി - ഒരിഞ്ച് (തൊലി കമ്പ്ലീറ്റ് പോകരുത്.... ഞാന്‍ കളയാറില്ല. ടേയ്സ്റ്റ് പോകും!
3. പച്ചമുളക് - അഞ്ചെണ്ണം (കിഴക്കന്‍ മുളക് എന്നറിയപ്പെടുന്ന എരുവ് കുറഞ്ഞ നീളത്തിലുള്ളത്. അല്ലാതെ കരണം പൊട്ടി, പ്രാന്തന്‍, ചങ്കുകഴപ്പന്‍, കാന്താരി എന്നിവ അഞ്ചെണ്ണം ഇട്ടാല്‍ കഴിക്കുമ്പോളും പിറ്റേന്ന് രാവിലെ റ്റോയ്ലറ്റില്‍ വച്ചും നിങ്ങള്‍ക്ക് എന്നെ അപ്പന് വിളിക്കാന്‍ ഒരു ടെന്റന്‍സി തോന്നാം. സോ പ്ലീസ് ഡു കെയര്‍.)
4. കോക്കനട്ട് മി.പൌഡര്‍ - മൂന്ന് ടീസ്പൂണ്‍
5 കുഞ്ഞുള്ളി - തൊലി കളഞ്ഞത് ഇരുപത് എണ്ണം
6. തക്കാളി - രണ്ടെണ്ണം (എന്റെ കൂടെ പഠിച്ച പ്രജിതെയുടെ പേരാ അത്. ഓര്‍ത്ത് പോയി. എവിടെയാണോ എന്തോ? ‘എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും എന്നാലുമൊന്നാണ് നമ്മളൊന്ന്‘ എന്നൊക്കെ സിനിമാപ്പാട്ട് കട്ട് ഏന്‍ പേസ്റ്റ് ചെയ്ത് എഴുതി പണ്ട് ഫ്രം വക്കാതെ ഒരു ക്രിസ്മസ് കാര്‍ഡ് അയച്ചിരുന്നു...)
7. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍.
8. മഞ്ഞപ്പൊടി - അര ടീ സ്പൂണ്‍.
9. മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
10. ഉലുവപ്പൊടി - കാല്‍ ടീ സ്പൂണ്‍
11. വെള്ളം - ഒരു വെട്ട് ഗ്ലാസ് (ജംബോ സൈസ് ഗ്ലാസ്)
പാകം ചെയ്യുന്ന വിധം:
മുകളില്‍ പറഞ്ഞതെല്ലാം ഒരു മിക്സിയുടെ ജാറിലിട്ട് ഒരു അഞ്ച് മിനിറ്റ് അങ്ങട് അടിച്ച് ജ്യൂസ് പരുവമാക്കുക. സോറി, ചാളയിടണ്ട!!
എന്നിട്ട്, ഒരു ചട്ടിയെടുത്ത്, അതില്‍ ഒരു ടീസ്പൂണ്‍ വെളിച്ചണ്ണയൊഴിച്ച് അതില്‍ ഫുള്‍ സൈസ് ചാളകളെ നിരത്തി കിടത്തുക. എന്നിട്ട് അതിലേക്ക് മിക്സിയിലിട്ടടിച്ചുണ്ടാക്കിയ മിശ്രിതം സാവധാനം ഒഴിക്കുക. തുളയോടുകൂടിയ ഉപ്പ് ഭരണയാണെങ്കില്‍ അതുവച്ച് രണ്ട് കറക്കം ഉപ്പിടുക. രണ്ടല്ലിയാമ്പല്‍ വേപ്പിലയിടുക. പിന്നെ ഒരു നാല് പീസ് കുടമ്പുളി കഴുകി കീറി ഇടുക. ഇത് വേണ്ട സാധങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാതിരുന്നത്, നിങ്ങള്‍ ഇതും മിക്സിയിലിട്ടടിക്കുമോ എന്ന് പേടിച്ചാണ്.
അറേബിയന്‍ സമുദ്രത്തില്‍ കാണപ്പെടുന്ന ചാള, സാധാരണയായി പെട്ടെന്ന് വേവുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് ഒരു പതിനഞ്ച് മിനിറ്റ് വേവിക്കുക. ദാറ്റ്സ് ആള്‍.
പിന്നെ കുഞ്ഞുള്ളീ ഒരു നാലെണ്ണം അരിഞ്ഞ് വെളിച്ചെണ്ണയില്‍ കാച്ചി കറിയുടെ മോളില്‍ കൂടെ ഒഴിച്ചാല്‍ ഒരു ഗുമ്മ്‌ വരും. വേണമെങ്കില്‍ ആവാം. നിര്‍ബന്ധം ഇല്ല!
അപ്പോള്‍ മാക്സിമം വെറും അരമണിക്കൂര്‍ കൊണ്ട്, നിങ്ങളുടെ മുന്‍പില്‍ ഒരു രാജ കല ചാളക്കൂട്ടാന്‍ തയ്യാര്‍.
*മുന്നറിയിപ്പ്: ഈ കറി നിങ്ങള്‍ കഴിക്കുമ്പോള്‍ രുചി കൂടി കൂടി കൈവിരല്‍ കൂടെ കടിക്കാന്‍ ചിലപ്പോള്‍ തോന്നിയേക്കാം. പ്ലീസ് ഡൂ കെയര്‍ ട്ടാ.
---
ഇന്നലെ ഒന്നും കൂടി ഈ റെസീപ്പി ഒന്ന് ട്രൈ ചെയ്ത് നോക്കുകയുണ്ടായി. ഒരു ഡബിള്‍ ചെക്കിങ്ങ്. ഒരു കുഴപ്പോമില്ല. ആക്‍ചലി അറബിക്കടലിലെ ചാള കഴിച്ചാല്‍ ബുദ്ധി കൂടുമെന്നതൊക്കെ നേര്. പക്ഷെ, അധികമായാല്‍ എന്തും വിഷമാണന്നല്ലേ?

0 comments:

Post a Comment