ഈന്ത പഴം അച്ചാർ-Eenthappazham achar

കായിക്കയുടെ ബിരിയാണി എന്ന് കേട്ടിട്ടില്ലേ ? കൊച്ചിയിൽ മട്ടാഞ്ചേരി എന്ന നാട്ടിൽ സുപ്രസിദ്ധമാണ് ഈ ബിരിയാണി ... കായീസ് ബിരിയാണി വിളമ്പുമ്പോൾ ഒരു ഈന്തപഴം അച്ചാറും കൂട്ടത്തിൽ തരും...അതി രുചികരമാണ് ഇത്... ഉണ്ടാക്കാൻ വലിയ പ്രയാസമൊന്നും ഇല്ല കേട്ടോ...അതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ...അല്ലെ ?
അര കിലോ പുതിയ ഈന്ത പഴം കുരുകളഞ്ഞു രണ്ടായി കീറിയെടുത്തു വെക്കുക
15-20 നേരിയ പച്ച മുളക് ഒരേ വലുപ്പത്തിൽ ഉള്ളതു തിരഞ്ഞെടുത്തു ഞെട്ട് കളഞ്ഞു വെക്കുക
50-80 ഗ്രാം വാളൻ പുളി രണ്ടു ഗ്ലാസ്‌ ചൂട് വെള്ളത്തിൽ പിഴിഞ്ഞ് അരിച്ചു വെക്കുക....
50-80 ഗ്രാം ശർക്കര ചീവി ഒരു ഗ്ലാസ്‌ വെള്ളത്തിൽ പാനിയാക്കി ഇളക്കി മൂപ്പിച്ചു വെക്കുക ... മൂത്ത് വരുമ്പോൾ തേൻ പോലെ ആയിരിക്കും.
ഷായ് ജീരകം (സാ ജീരകം) ഒരു ടീസ്പൂണ്‍ വറുത്തു പൊടിച്ചു വെക്കുക. സാ ജീരകം ഇല്ലെങ്കിൽ നല്ല ജീരകം മതി മറ്റൊരു ടേസ്റ്റ് ആയിരിക്കും ...
ഉലുവ 3 ടീസ്പൂണ്‍ കടുക് 2 ടീപൂണ്‍ പിന്നെ വെളിച്ചെണ്ണ 3 ടീസ്പൂണ്‍ ഉപ്പു പാകത്തിന്
പാചകം ഒരു ഇടത്തരം മണ്‍കറിച്ചട്ടിയിൽ ആയിരിക്കണം... എയർ റ്റയിട്ടായ ഒരു മൂടി ചട്ടിയും വേണം....
ഇനി തുടങ്ങാം : അടുപ്പ് കത്തിച്ചു മണ്‍ ചട്ടി വെച്ചു വെളിച്ചെണ്ണ 3 സ്പൂണ്‍ ഒഴിക്കുക .... ഇടത്തരം തീയിൽ ചൂടായാൽ ഉലുവ ഇട്ടു പൊട്ടിക്കുക ...ഉടൻ കടുക് ഇട്ടു പൊട്ടിത്തെറിച്ച് കഴിഞ്ഞാൽ വേഗം പച്ചമുളക് മുഴുവൻ ഒന്നായി ഇടുക ഒന്നിളക്കുക തീ കൂട്ടി വെച്ച് മൂടി വെക്കുക. ശ്രദ്ധിച്ചു ചെവിയോർത്താൽ ചട്ടിക്കു അകത്തു പച്ച മുളക് പൊട്ടി തെറിക്കുന്നതു കേൾക്കാം ...ടമാർ പടാർ... !!! ഒച്ച കേട്ടിട്ട് പേടിക്കരുത്...
പച്ച മുളക് മുഴുവൻ പൊട്ടി തീരുമ്പോൾ മൂടി മാറ്റുക ... നല്ല ഒരു മണം അപ്പോൾ വരും.. അതാണ്‌ ഈന്തപഴം അച്ചാറിന്റെ രുചിക്ക് കാരണം...
ഇനി ഇതിലേക്ക് പുളി വെള്ളം ഒഴിച്ച് തിളക്കുമ്പോൾ ഈന്തപഴം കീറിയത് ഇട്ടു മൂടി വെച്ച് വേവിക്കുക...ഇളക്കി കൊടുക്കണം.. അടിക്കു പിടിക്കരുത്... ഒരു വിധം വെന്തു എന്ന് തോന്നിയാൽ ഉപ്പിടുക ...പിറകെ ... ശർക്കര പാനി മൂപ്പിച്ചത് പാതിയോളം ഒഴിക്കുക....പുളി എങ്ങിനെ ഉണ്ട് എന്ന് നോക്കുക... ക്രമീകരിക്കുവാൻ ശർക്കര പാനി കൂടുതൽ ചേർത്തു ഷായ് ജീരകം പൊടിച്ചത് ചേർത്തു രുചി നോക്കുക.. പുളി കൂട്ടണമെങ്കിൽ വീണ്ടും പുളിയും മധുരം പോരെങ്കിൽ വീണ്ടും ശര്ക്കരപാനിയും ചേർത്തു അടിപൊളി ആക്കുക... തീർന്നു... ഈന്തപഴം അച്ചാർ റെഡി...

0 comments:

Post a Comment